മാനന്തവാടി: കാലാവസ്ഥാ വ്യതിയാനവും മണ്ണിടിച്ചിലും മണ്ണൊലിപ്പും മാലിന്യ നിക്ഷേപവും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദത്ത നീരുറവകൾക്ക് പുനർജനി നൽകിക്കൊണ്ട് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ലുുഎസ്എസ്എസ്). നബാർഡിന്റെ സാന്പത്തിക പിന്തുണയോടെ എടവക പഞ്ചായത്തിലെ പുലിക്കാട് പ്രദേശത്ത് നടപ്പാക്കുന്ന നീർത്തട വികസന പദ്ധതിയുടെ ഭാഗമായി അഞ്ച് പ്രകൃതിദത്ത നീരുറവകൾ ഇതിനകം പുനരുജ്ജീവിപ്പിച്ചു.
നീരുറവകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ജലസംഭരണത്തിനും സംരക്ഷണത്തിനുമായി സ്പ്രിംഗ് ബോക്സുകൾ നിർമിക്കുകയും ചെയ്തു. ഇതോടെ നീരുറവകളിലെ ജലലഭ്യത വർധിക്കുകയും നീരൊഴുക്ക് മെച്ചപ്പെടുകയും ചെയ്തു. ഇത് പ്രദേശത്തെ നെൽകൃഷിക്കും മറ്റ് കാർഷിക പ്രവർത്തനങ്ങൾക്കും ജലലഭ്യത ഉറപ്പാക്കുന്നതിന് സഹായകമാകുന്നുണ്ട്. കൃഷിയാവശ്യങ്ങൾക്കുള്ള ജലസ്രോതസ്സായി നീരുറവകളെ സംരക്ഷിക്കുന്നതിലൂടെ കർഷകരുടെ ഉപജീവന സുരക്ഷയും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഓരോ നീരുറവയുടെയും നീർത്തട പ്രദേശം സംരക്ഷിക്കുകയും ഭൂഗർഭജല പുനഃനിക്ഷേപം വർധിപ്പിക്കുകയും ജലസ്രോതസുകളുടെ ദീർഘകാല നിലനിൽപ് ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മണ്ണ്ജല സംരക്ഷണ പ്രവർത്തനങ്ങളായ മണ് കയ്യാല നിർമാണം നീർക്കുഴികൾ, വൃക്ഷവത്കരണം, കാർഷിക വിളകളുടെ വ്യാപനം, ചെക്ഡാം നിർമാണം എന്നിവയും നടപ്പാക്കുന്നുണ്ട്. പ്രകൃതിദത്ത ജലസ്രോതസുകളുടെ പുനരുജ്ജീവനവും സംരക്ഷണവും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഇടപെടലാണ് പുലിക്കാട് വില്ലേജ് വാട്ടർഷെഡ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. നബാർഡിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം സപ്പോർട്ടിംഗ് ഏജൻസിയായി പ്രവർത്തിക്കുന്നു.
ഗ്രാമതലത്തിലുള്ള വാട്ടർഷെഡ് കമ്മിറ്റി അംഗങ്ങളുടെയും പ്രാദേശിക ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് നീരുറവകളുടെ പുനരുജ്ജീവനവും നീർത്തട സംരക്ഷണ പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ജോണി കുന്നത്ത്, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് മാനേജർമാരായ റോബിൻ ജോസഫ്, ദീപു ജോസഫ്, അഗ്രോണമിസ്റ്റ് കെ.ജെ. ബിജു, സിവിൽ എൻജിനിയർ നീരജ സുരേന്ദ്രൻ, ലേഡി സോഷ്യൽ വർക്കർ ജാൻസി ജിജോ, വില്ലേജ് വാട്ടർഷെഡ് കമ്മിറ്റി അംഗങ്ങളായ കെ.ജെ. വർഗീസ്, പി.ജെ. സിനോജ് എന്നിവരാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.